Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് 60.13%. വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ബഗുസാരായിയിൽ 67.32% പോളിംഗ് നടന്നു. ഷെയ്ഖ്പുരയിലാണ് കുറഞ്ഞ പോളിംഗ്. ഇവിടെ 52.36% പോളിംഗ് നടന്നു.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.